ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം
സാമൂഹിക ചരിത്രം
'പഴയന്നൂര്' എല്ലാതരത്തിലും ആ പേര് അന്വർത്ഥമാക്കുന്ന സാമൂഹിക ചരിത്രമാണ്. അദ്ധ്വാനശീലരായ, സഹകരണപ്രേമികളായ, സമാധാനകാംക്ഷികളായ ജനവിഭാഗങ്ങൾ ഐക്യത്തോടെ ജീവിച്ചുവരുന്ന സാംസ്‌കാരിക പൈതൃക തനിമയുടെ നാടാണിത്.
പഴയ തഞ്ചാവൂർ രാജവംശത്തിലെ കൊല്ലൻമാർ അവരുടെ കൊട്ടാരത്തിലെ മധു വിഭാഗ തലൈവന് ജന്മാവകാശം നൽകിയ സ്‌ഥലമാണ് ഇവിടം എന്ന് പറയപ്പെടുന്നു. അങ്ങിനെ പഴയന് ജന്മാവകാശം സിദ്ധിച്ച ഈ ഊരിൻ്റെ പേര് പഴയന്നൂര് എന്നും കാലക്രമേണ പഴയന്നൂർ ആയി എന്നും സ്‌ഥല നാമ ചരിത്രം ഉദ്ഘോഷിക്കുന്നു.
പഴയ കൊശവം പുത്തൂരിന് നേർ കിഴക്കാണ് പ്രകൃതിദത്തമായ പാലക്കാടൻ ചുരം സ്ഥിതിചെയ്യുന്നത്. പഴയകാലത്ത് വൃദ്ധിക്ഷയംവന്ന കൊച്ചി രാജാവ് പുരാണപുരി (കാശി) യിൽ ഭജനം ഇരുന്നു മടങ്ങുമ്പോൾ പഴയ പള്ളിപ്പുറത്തപ്പന്റെ സമീപത്തായി തന്റെ ഇഷ്ടദേവതയെ കൂടി പ്രതിഷ്‌ഠിച്ചു എന്നും അങ്ങിനെ പുരാണപുരിയാണ് ഇന്നത്തെ പഴയന്നൂർ എന്ന് വിശ്വസിക്കുന്നതിന് മതിയായ തെളിവാണ് കൊച്ചി രാജ്യത്തെ പരദേവതയും രാജ്യചിഹ്നവും പഴയന്നൂർ ക്ഷേത്രവുമായുള്ള ബന്ധം. ആദി ദ്രാവിഡ സംസ്‌കാരവുമായി അഭേദ്യമായ ബന്ധമുള്ള പ്രദേശമാണ് പഴയന്നൂരെന്ന് ദേവീ സങ്കൽപ്പത്തിൽനിന്നും സുവ്യക്തമാണ്. ടിപ്പുസുൽത്താന്റെ പടയോട്ടം ഭയന്ന് പഴയന്നൂരിലെത്തിയപ്പോൾ സ്ത്രീകളുടെ ചെറുത്തുനിൽപ്പിനു മുമ്പിൽ ടിപ്പുവിന്റെ പടയാളികൾ പരാജയപ്പെട്ടോടിയെന്നും അതേസമയം എളനാട് വാണിരുന്ന തേനായി മനക്കാർ പടയോട്ടം ഭയന്ന് എല്ലാം ഇട്ടെറിഞ്ഞ് പോയെന്നുമാണ് വാമൊഴികൾ. അതിനാലാണത്രെ ഏറനാട് എന്നും പിന്നീടത് എളനാട് എന്നും അറിയപ്പെടാൻ തുടങ്ങിയത്. ഏതായാലും ഈ പ്രദേശത്തുള്ള കുട്ടാടൻ തോടിൽനിന്നും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ കണ്ടെടുത്ത യുദ്ധോപകരണങ്ങളും കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും ഇതിന് മതിയായ തെളിവായി കണക്കാക്കപ്പെടുന്നു.
ജന്മിമാരുടേയും നാടുവാഴി തമ്പുരാക്കന്മാരുടേയും മർദ്ദക വാഴ്‌ചയിൽ നിന്നും പഴയന്നൂരിനും മോചനം ലഭിച്ചിരുന്നില്ല. അവശ ജനവിഭാഗങ്ങളും തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും എല്ലാ രംഗത്തുനിന്നും അകറ്റപ്പെട്ടിരുന്നു. സവർണ്ണ ജന്മി മേധാവിത്വവും ബ്രിട്ടീഷ് കിരാത ഭരണവും താണ്‌ഡവമാടിയ കാലം സ്വാതന്ത്ര്യ സമരത്തിന്റെ കാഹളധ്വനി പഴയന്നൂരെന്ന ഗ്രാമത്തെയും ഗ്രസിച്ചു. ശ്രീ. ആച്ചാട്ടിൽ കുഞ്ഞികൃഷ്ണ മേനോൻ, ശ്രീ. താഴത്തേക്കളം രാധാകൃഷ്ണൻ നായർ എന്നിവർ ഇതിന് നേതൃത്വം നൽകി.
ശ്രീ ആച്ചാട്ടിൽ നാരായണൻകുട്ടി മേനോൻ തൻ്റെ വിദേശ ജോലി ഉപേക്ഷിച്ചാണ് സാമൂഹ്യ രാഷ്ട്രീയ രംഗത്തേക്ക് വന്നത്. സ്വാതന്ത്ര്യ സമരത്തിന്റെ സന്ദേശം പഴയന്നൂരിലെങ്ങും എത്തിക്കുന്നതിലുള്ള അദ്ദേഹത്തിൻ്റെ പങ്ക് നിസ്‌തുലമാണ്. പഴയന്നൂർ സബ് രജിസ്ട്രാർ ഓഫീസ്, സർക്കാർ ആശുപത്രി, ബ്ലോക്ക് ഓഫീസ് (അന്നത്തെ എൻ.ഇ.എസ്. ബ്ലോക്ക്), പഴയന്നൂർ ടൗണിലെ പഞ്ചായത്ത് ഓഫീസ് (ഇപ്പോഴത്തെ സുവർണ്ണ ജൂബിലി മന്ദിരം), പഴയന്നൂർ ഹൈസ്‌കുൾ, കോടത്തൂർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി തുടങ്ങിയവ അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങളുടെ എന്നും നിലനിൽക്കുന്ന ചരിത്ര സ്‌മാരകങ്ങളാണ്.